ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
ചരിത്രാതീതകാലം മുതല്‍ തന്നെ ദ്രാവിഡസംസ്കാരമുള്ള ഒരു ജനവിഭാഗം ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവിടങ്ങളില്‍ കാണപ്പെടുന്ന നന്നങ്ങാടികള്‍, ഗുഹകള്‍ എന്നിവ അത്തരം നിഗമനങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകളായി കണക്കാക്കാം. തുടര്‍ന്ന് ഏതോ കാലഘട്ടത്തില്‍ ആ ജനവിഭാഗം പലായനം ചെയ്യുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കാം. സുസ്ഥിരമായ ഒരു ഭരണക്രമം അവര്‍ക്കുണ്ടാകാതെ പോയതോ, കാലാനുസൃതമായ ചരിത്രഗതിവിഗതികള്‍ക്കൊപ്പം അവര്‍ക്ക് ഉയരാനാകാതെ പോയതോ ആകാം അതിനു കാരണം. ആര്യവല്‍ക്കരണത്തിന്റെ ഭാഗമായി ആദിമനിവാസികള്‍ ഘോരവനാന്തരങ്ങളിലേക്ക് പിന്‍വാങ്ങിയതായും തുടര്‍ന്നു വന്നവര്‍ പല കാലഘട്ടങ്ങളിലായി ഇവിടെ താമസമുറപ്പിക്കുകയായിരുന്നുവെന്നും കണക്കാക്കേണ്ടിയിരിക്കുന്നു. ആറങ്ങോട്ട് സ്വരൂപത്ത് വള്ളുവകോനാതിരിയുടെ ഭരണത്തിലായിരുന്ന വള്ളുവനാട് വല്ലഭക്ഷോണിരാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടവും. ഒരുകാലത്ത് തെക്കേമലബാറിന്റെ ഭൂരിഭാഗം പ്രദേശത്തും പരമാധികാരം പുലര്‍ത്തിയിരുന്ന വള്ളുവനാട്ടുരാജാവില്‍നിന്നും, സാമൂതിരി തിരുനാവായയും, മാമാങ്കത്തിന്റെ അധ്യക്ഷപദവിയും പിടിച്ചെടുത്ത ശേഷം, ഒറ്റപ്പാലം താലൂക്കിന്റെ ഏതാനും ചില ഭാഗങ്ങളും അട്ടപ്പാടി താഴ്വരയും മാത്രമേ വള്ളുവനാടു രാജാവിന്റെ അധീനതയില്‍ അവശേഷിച്ചുള്ളു. ടിപ്പുവിന്റെ ആക്രമണം ഉണ്ടായപ്പോള്‍ വള്ളുവനാട് രാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചുവെന്നും, ബ്രിട്ടീഷുകാര്‍ മലബാര്‍ പ്രദേശങ്ങള്‍ ടിപ്പുവില്‍ നിന്ന് ഒഴിച്ചെടുത്തപ്പോള്‍ അദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ഒരു കരാറിലേര്‍പ്പെട്ട് അടിത്തൂണ്‍ പറ്റിയെന്നും ചരിത്രരേഖകളില്‍ കാണുന്നു. പഴയ മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയുടെ തെക്കേയറ്റത്ത് കിടക്കുന്ന പാലക്കാട് ജില്ലയില്‍പ്പെട്ട തെങ്കര പഞ്ചായത്തും അയല്‍ പഞ്ചായത്തുകളും തെക്കേ ഇന്ത്യയുടെ ഒരു പരിച്ഛേദമാണെന്നു പറയാം. ഈ ഗ്രാമത്തില്‍ തദ്ദേശീയരായ മലയാളികള്‍ മാത്രമല്ല, മറ്റു തെക്കേ ഇന്ത്യക്കാരായ, തമിഴര്‍, തെലുങ്കര്‍, കന്നടക്കാര്‍ എന്നിവരെല്ലാമുണ്ട്. പണ്ടുകാലത്തിവിടം നിബിഡ വനപ്രദേശമായിരുന്നു. 1836 മുതല്‍ ബ്രിട്ടീഷ് നയത്തെ എതിര്‍ത്തുകൊണ്ട് മാപ്പിളകര്‍ഷകര്‍ മുന്നാട്ടു വന്നിരുന്നു. ഈ സമരപരമ്പരകളില്‍ ശക്തിമത്തായതും നീണ്ടുനിന്നതുമായ പോരാട്ടമായിരുന്നു 1921-ലേത്. മലബാര്‍കലാപത്തിന്റെ ചരിത്രപ്രാധാന്യവും കര്‍ഷകജനവിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തവും, അതില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ച രാഷ്ട്രീയധാരകളെയും വിലകുറച്ചു ചിത്രീകരിക്കാന്‍, കലാപം അടിച്ചമര്‍ത്തിയതിനു ശേഷവും ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമിച്ചു. കലാപകാലത്ത് നെല്ലിപ്പുഴ പാലവും, കുന്തിപ്പുഴ പാലവും പൊളിക്കുകയും കലാപകാരികള്‍ കാരാകുറുശ്ശി പ്രദേശത്ത് അഭയം തേടുകയും ചെയ്തതായി പറയപ്പെടുന്നു. ബ്രിട്ടീഷ് പട്ടാളത്തിന് മാര്‍ച്ചുചെയ്യാനായി പിന്നീട് പണിതീര്‍ത്തതാണത്രെ ഇന്നു കാണുന്ന നെല്ലിപ്പുഴ പാലവും, കുന്തിപ്പുഴ പാലവും. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ ഇന്നാട്ടിലെ മുസ്ളീങ്ങളും, ഹിന്ദുക്കളും സംഘടിതരായി പ്രവര്‍ത്തിച്ചിരുന്നതായി കാണാം. തെന്നിന്ത്യയിലെ വിവിധ സമുദായങ്ങളില്‍പ്പെട്ട പത്തുകുടി മുതലിയാര്‍മാര്‍, കല്‍ക്കി ചെട്ട്യാര്‍മാര്‍, ലിംഗായത്തുകാര്‍ തുടങ്ങിയവരെല്ലാം തന്നെ ഈ നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷികരംഗത്തും വാണിജ്യരംഗത്തുമെന്നപോലെ തന്നെ സാംസ്കാരിക രംഗത്തും ഇവരെല്ലാം തെങ്കര ഗ്രാമത്തെ സ്വാധീനിച്ചു. മണ്ണാര്‍ക്കാട് താലൂക്കിലെയും തൊട്ടടുത്ത താലൂക്കിലെയും വിദ്യാര്‍ത്ഥികളുടെ ഉപരിപഠനാര്‍ത്ഥം 1967-ല്‍ കല്ലടി ചെറിയകുഞ്ഞയമ്മദ് സാഹിബ്ബിന്റെ പരിശ്രമഫലമായി എം.ഇ.എസ് കല്ലടി കോളേജ് സ്ഥാപിതമായി. ഹിന്ദു, മുസ്ളീം സമുദായങ്ങള്‍ക്കു പുറമേ വാണിജ്യാവശ്യാര്‍ത്ഥം തമിഴ്നാട്ടില്‍ നിന്നു വന്ന വൈശ്യവിഭാഗക്കാരും, മുതലിയാര്‍മാരും, മൈസൂര്‍ചെട്ടികളും, തിരുവിതാംകൂറില്‍ നിന്നുള്ള ക്രിസ്ത്യാനികളും ഉള്‍പ്പെട്ട സമുദായ വൈവിധ്യങ്ങളില്‍ നിന്നുരുത്തിരിഞ്ഞ സമ്മിശ്രസംസ്കാരമാണ് തെങ്കരയ്ക്കുള്ളത്. വള്ളുവനാട്ടിലെ പതിനെട്ടര ചേരികളില്‍ ഉള്‍പ്പെട്ടതായിരുന്നു ഇവിടവുമെന്ന് സന്ദേഹമുണ്ട്. ഇരുപതാം നൂറ്റാണ്ടിനു മുന്‍പുതന്നെ പലവിധ ആവശ്യങ്ങള്‍ക്കും ഉപജീവനത്തിനും വേണ്ടി വന്നുചേര്‍ന്ന വിവിധ ജനവിഭാഗങ്ങളുടെ പിന്‍തുടര്‍ച്ചക്കാരും അനന്തരഗാമികളുമാണ് തെങ്കരയിലെ ഇന്നത്തെ ജനസമൂഹം. തെങ്കര പഞ്ചായത്ത് മലകളും നീര്‍മറി പ്രദേശങ്ങളായ മലഞ്ചെരിവുകളും, കുന്നിന്‍പുറങ്ങളും, സമതലങ്ങളും ഇടകലര്‍ന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള മലയോരഗ്രാമമാണ്. ഈ വൈവിധ്യം പഞ്ചായത്തിലെ കൃഷിരീതികളിലും പ്രകടമാണ്. മലഞ്ചെരിവുകളില്‍ റബ്ബറും, കുരുമുളകും, കുന്നിന്‍പുറങ്ങളില്‍ തെങ്ങ്, മാവ്, പ്ളാവ്, തുടങ്ങിയവയും, സമതലങ്ങളില്‍ നെല്ല്, വാഴ, കവുങ്ങ് മുതലായവയും കൃഷി ചെയ്തുവരുന്നു. റബ്ബറും, തെങ്ങും സമതലപ്രദേശങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇടവിളയായി ഇഞ്ചി, ചേന, ചേമ്പ്, കാച്ചില്‍ എന്നിവയും വിവിധ പ്രദേശങ്ങളില്‍ മരച്ചീനിയും സുലഭമായി കൃഷിചെയ്യുന്നു. വ്യാവസായികരംഗത്ത് എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തിലില്ലെങ്കിലും ബേക്കറി, സോപ്പുനിര്‍മ്മാണം, തയ്യല്‍, മില്‍, സ്റ്റീല്‍, ഫര്‍ണ്ണിച്ചര്‍, ചെരുപ്പ് എന്നീ ചെറുകിട, ഇടത്തര വ്യവസായയൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. മണ്‍പാത്രനിര്‍മ്മാണം, ഈറ്റ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പരമ്പരാഗത മേഖലയില്‍ എടുത്തുപറയത്തക്ക യൂണിറ്റുകള്‍. രൂപീകൃതമായിട്ട് അധികനാളുകള്‍ ആയിട്ടില്ലാത്ത തെങ്കര പഞ്ചായത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ ഒരു യു.പി. സ്കൂള്‍, ചെറുകുളം, മണലാടി എന്നിവിടങ്ങളിലായി രണ്ട് എല്‍.പി സ്കൂളുകള്‍, നെല്ലിപ്പുഴയില്‍ ഒരു ഹൈസ്കൂള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ രാജാസ് സ്കൂള്‍, ക്രിസ്തുജ്യോതി സ്കൂള്‍ എന്നീ അണ്‍ എയ്ഡഡ് സ്കൂളുകളും ആനമൂളി, തത്തേങ്ങലം എന്നിവിടങ്ങളിലായി ഓരോ ഏകാധ്യാപക വിദ്യാലയങ്ങളും പഞ്ചായത്തിലുണ്ട്. മണ്ണാര്‍ക്കാട്-അഗളി റോഡാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഗതാഗതപാത. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 8 ക്ഷേത്രങ്ങളും, 11 സ്ഥലങ്ങളിലായി മുസ്ളീം ആരാധനാലയങ്ങളും ചെറപ്പാടം, മെഴുകുംപാറ, ചെറുകുളം എന്നിവിടങ്ങളിലായി ക്രിസ്ത്യന്‍ പള്ളികളുമുണ്ട്. മഹാകാളി വേല, ചെറുകുളം വിഷുവേല തുടങ്ങിയ വിവിധ ആഘോഷങ്ങളും ഉത്സവങ്ങളും പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ദേശീയ കായികതാരം പി.എസ്.നിഖില്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. തെങ്കര പഞ്ചായത്തിലെ അക്ഷര വായനശാലയാണ് പഞ്ചായത്തുനിവാസികളുടെ ഏക ഗ്രന്ഥാലയം. വൈശാഖ് ആശുപത്രി, ഗവ.ആയുര്‍വേദാശുപത്രി എന്നിവയാണ് പഞ്ചായത്തിലെ പ്രമുഖ ആരോഗ്യചികിത്സാകേന്ദ്രങ്ങള്‍. വെള്ളാരംകുന്ന്, അരകുര്‍ശ്ശി, തത്തേങ്ങലം എന്നിവിടങ്ങളിലായി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്